ഓരോ നാടിനും ഒരടയാളമുണ്ടാകും...
ആ നാടിന്റെ അസ്തിത്വം അതിലായിരിക്കും.
ആ നാടിന്റെ വിധി എന്തായിരിക്കണം എന്നു തീരുമാനിക്കുന്ന ജനിതകരേഖ....
മുഴപ്പിലങ്ങാടിന് അത് അതിന്റെ കടല്‍ത്തീരമാണ് ..
ഏകദേശം 5 കിലോമീറ്ററില്‍ അധികം നീളത്തില്‍ നീണ്ടു കിടക്കുന്ന അതിന്റെ അരിക് ധമനി.
മുഴപ്പിലങ്ങാട് കടപ്പുറം...
![]() |
| 30 വര്‍ഷം മുന്‍പത്തെ മുഴപ്പിലങ്ങാട് കടപ്പുറം (കടപ്പാട് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് വികസനരേഖ -1996 ഫോട്ടോ: പി. ചന്ദ്രന്‍) |
എന്റെ നാട് ഏതാണ് എന്ന ചിന്തയില്‍ തട്ടി വീഴുമ്പോഴെല്ലാം മനസില്‍ തെളിയുന്ന ആദ്യ പേര് വെറും 6 വര്‍ഷവും ചില്ലറ മാസങ്ങളും മാത്രം തുടര്‍ച്ചയായി ജീവിച്ച മുഴപ്പിലങ്ങാട് ആണ് .. ജനിച്ചു വീണത് തൊട്ടടുത്ത തലശ്ശേരി പട്ടണത്തില്‍ ആണെങ്കിലും ഓര്‍മ്മ ഒരു ഏകകോശ ജീവിയായി ജീവിതം തുടങ്ങി, പിന്നെ പിളര്‍ന്ന് പിളര്‍ന്ന് അനേകകോടി ആയത് മുഴപ്പിലങ്ങാട് വെച്ചാണ്.. വയനാട്ടിലെ കാട്ടിക്കുളവും, കാസര്‍ഗോട്ടെ നീലേശ്വരവും പിന്നെ തിരുവനന്തപുരവും ഒക്കെയായി അത് വ്യാപിച്ചപ്പോള്‍, കോടാനുകോടി സ്പര്‍ശിനികള്‍ ഉള്ള ജീവിയായി ഓര്‍മ്മ വളര്‍ന്നപ്പോഴും ലോകത്തെ കണ്‍തുറന്നു കണ്ട ആദ്യ വര്‍ഷങ്ങളും മണ്ണും ആകാശവും തന്നെയാണ് ഹൃദയത്തില്‍ ഒട്ടിപ്പിടിച്ചു കിടക്കുന്നത്..
അതുകൊണ്ടായിരിക്കാം വര്‍ഷങ്ങള്‍ക്കിപ്പുറം മുഴപ്പിലങ്ങാട് ഒരു വീട് പണിയാനും അതിന് തീരം എന്നു പേരിടാനും എനിക്കു തോന്നിയത്...
അതേ... ഒടുവില്‍ നാം തീരത്തടിയുക തന്നെ ചെയ്യും.. ജീവനോടെ ആയാലും ജഡമായാലും...
നഷ്ടപ്രണയം പോലെ ആ നാടിനോടുള്ള എനിക്കുള്ള അനുരാഗമാണ് മുഴപ്പിലങ്ങാട് ബീച്ച് എന്ന ഈ ഡിജിറ്റല്‍ കുറിപ്പുകള്‍.. ഒരു e-പുരാരേഖയായി 100 വര്‍ഷം കഴിഞ്ഞു വായിക്കുന്ന അജ്ഞാതനായ മനുഷ്യന് (അതോ ... യന്ത്രമോ.. ???) ഇത് ഞാന്‍ സമര്‍പ്പിക്കുന്നു...
